വിദ്യാര്‍ത്ഥികള്‍ തയാറാക്കുന്ന പൊതുവിദ്യാഭ്യാസ മേഖലയിലെ ആദ്യ ബ്ലോഗ്
ഓല മാസികയുടെ ആഭിമുഖ്യത്തില്‍ 2012 നവംബര്‍ 16 ന് ഭാഷ, സംസ്കാരം, സമൂഹം എന്ന വിഷയത്തെ അടിസ്ഥാനമാക്കി സെമിനാര്‍ സംഘടിപ്പിക്കുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്യുന്നു..
 

 അന്നൊരു സന്ധ്യയ്ക്ക്
സംഭവം നടക്കുന്നത് ഏകദേശം മൂന്നുനാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.അന്ന് പതിവു സമയത്തു തന്നെ സ്കൂള്‍ വിട്ട് വീട്ടിലെത്തി.അമ്മയും അച്ഛനും എത്തിയിട്ടില്ല.വാതില്‍ തുറന്ന് അകത്തു കയറി ഉടന്‍ വാതില്‍ അടയ്ക്കണം എന്ന് അമ്മ പറയുന്നത് ഈ പ്രാവശ്യം ആദ്യമായി ഞാന്‍ അനുസരിച്ചു.ഒരു നീണ്ട നീരാട്ടിനു ശേഷം ടി.വിയുടെ മുന്‍പില്‍ സ്ഥാനമുറപ്പിച്ചു.കൊറിക്കാന്‍ ഒന്നുമില്ലായിരുന്നു.സ്റ്റോര്‍ റൂം അരിച്ചു പെറുക്കി.ഒരു ലഡുവോ മറ്റോ കിട്ടിയാല്‍...! എവിടെ ഒരു ലഡുപോയിട്ട് ബിസ്ക്കറ്റ് പോലുമില്ലായിരുന്നു.പലഹാരപ്പാത്രം കാലിയായി കാണുന്നത് എനിക്ക് അലര്‍ജിയാണ്.അത്തരം സന്ദര്‍ഭങ്ങള്‍ അപൂര്‍വ്വമാണെങ്കിലും,അന്ന് അങ്ങനെയൊരു അപൂര്‍വ്വ പ്രതിഭാസം നടന്നു. 
        വയറ്റില്‍ സുന്ദരകാണ്ഡം വായന തുടങ്ങിയിരുന്നു.അമ്മയും അച്ഛനും വരുമ്പോള്‍ എന്തെങ്കിലും കൊണ്ടുവരണേ എന്ന് ചില്ലു കൂട്ടിലെ ശ്രീകൃഷ്ണനോട് കണ്ണുകൊണ്ട് പറഞ്ഞു തീര്‍ന്നില്ല അതിനു മുന്‍പേ ഫോണ്‍ കിടന്നു കരയാന്‍ തുടങ്ങി.എടുത്തപ്പോള്‍ അമ്മയുടെ ശബ്ദം.ഇരുവരും പേരാവൂരില്‍ പോവുകയാണത്രെ! ആരോ മരിച്ചിട്ടുണ്ട്.വീട്ടില്‍ തിരികെയെത്താന്‍ വൈകുമത്രെ.എന്നോട് അപ്പുറത്തെ വീട്ടില്‍ നില്‍ക്കാന്‍ പറഞ്ഞു.ഞാനല്ലേ ആള്!ടി.വിയുണ്ടായാല്‍ പേടിയില്ലെന്നാണെന്റെ സിദ്ധാന്തം.ഞാന്‍ ടി.വിക്കു മുന്‍പില്‍ തപസ്സ് തുടങ്ങി.കുറച്ച് കഴിഞ്ഞപ്പോള്‍ അപ്പുറത്തെ വീട്ടുകാര്‍ വീടുപൂട്ടി എവിടേയ്ക്കോ പോകുന്നത് കണ്ടു. വെള്ളിയാഴ്ചയല്ലേ എവിടെയെങ്കിലും താമസിക്കുവാനാകും പോകുന്നത്.

          ആറരയാകുമ്പോഴേക്കും കരണ്ടു പോയി.ഉടന്‍ വരുമെന്നു പ്രതീക്ഷിച്ച് കണ്ണു മൂടിയിരുന്നു.പക്ഷേ കരണ്ടു വന്നില്ല.എനിക്ക് നേരിയ പേടി തോന്നി.അച്ഛന്റെയും അമ്മയുടേയും ഫോണില്‍ മാറിമാറി വിളിച്ചു."നിങ്ങള്‍ വിളിക്കുന്ന നമ്പര്‍ പരിധിയ്ക്ക് പുറത്താണ്.ദയവായി അല്പ നേരം കഴിഞ്ഞ് വിളിയ്ക്കുക"എന്ന നാമ ജപം തന്നെ.തപ്പി തടഞ്ഞ് എമര്‍ജന്‍സി എടുത്തപ്പോള്‍ ചാര്‍ജില്ല.മെഴുകുതിരിയ്ക്ക് തപ്പിയപ്പോള്‍ കിട്ടിയത് ഒരു ചെറിയ മെഴുകുതിരി.ഗാന്ധിജിയുടെ കുറ്റിപ്പെന്‍സില്‍ പോലുള്ളത്!അത് ഏറെ നേരം പല്ലിളിച്ചു.പിന്നെ ഉരുകി ഉരുകി ഇല്ലാതായി.പവര്‍ കട്ട് പതിവില്ലാത്തതു കൊണ്ട‍് ഇരുട്ടിന്റെ സാന്നിദ്ധ്യം വീട്ടില്‍ പ്രതീക്ഷിച്ചിരുന്നില്ല.എന്തു ചെയ്യാം?കേരളമല്ലേ?ഒരു കൊച്ചു കാറ്റെങ്ങാന്‍ വന്നു പോയാല്‍....!പേടി കാരണം ഞാന്‍ കരയാന്‍ തുടങ്ങി.
     ചീവീടിന്റെ ശബ്ദം പ്രേതത്തിന്റെ ചിലങ്കയായി തോന്നി.വെള്ളിയാഴ്ചയാണെന്ന ഓര്‍മ എന്റെ കൈകളെ തണുപ്പിച്ച്.അടുത്ത വീട്ടില്‍ ആരുമില്ല എന്ന ചിന്ത നേരിയ വിറയലായി.കണ്ണീര്‍ കായലായി ഒഴുകി.അപ്പോള്‍ വാതിലില്‍ അരോ മുട്ടുന്നു.പുറത്ത് അച്ഛന്റെ ശബ്ദം.വാതില്‍ തുറന്നു കൊടുത്തു.കരയുന്ന എന്നെ കണ്ട് ഇരുവരും കളിയാക്കി. കരയുന്നതെന്തിനെന്ന് ചോദിച്ചപ്പോള്‍ വിശന്നിട്ടാണെന്ന് പറഞ്ഞ് തടി തപ്പി.അവര്‍ തിന്നാനൊന്നും കൊണ്ട് വന്നിരുന്നില്ല.അതെന്റ നെറ്റി ചുളിപ്പിച്ചു.സുന്ദരകാണ്ഢം കടുകുമണിപോലെ പൊട്ടിത്തെറിച്ചു.ദേഷ്യം കൂടിയപ്പോള്‍ അമ്മയെ ഞാനൊന്നു നുള്ളി,അമ്മ തിരിച്ചും.

                          ശ്വേത.പി
9-B

    No comments: